വീഡിയോയ്ക്ക് ഇരുപത് ലക്ഷത്തോളം വ്യൂസ്. പക്ഷേ വിൽപ്പന കൂടിയില്ല!
English | മലയാളം
അനീസ് കെ. എം.
ഗൾഫിലെ ഒരു ഭക്ഷ്യോൽപ്പന്ന കമ്പനിയുടെ ബിസിനസ് കൺസൾട്ടന്റായി പ്രവർത്തിച്ചപ്പോഴുണ്ടായ ഒരു അനുഭവമാണ്.
ഞാൻ ആ സ്ഥാപനവുമായി സഹകരിച്ചു തുടങ്ങുന്നതിനുമുമ്പ്, അറബ് സമൂഹത്തിനിടയിൽ ഏറെ പ്രശസ്തനായ ഒരു ഇൻഫ്ലുവൻസറെ ഉപയോഗിച്ച് അവർ ഒരു പരസ്യവീഡിയോ തയ്യാറാക്കിയിരുന്നു.
നന്നായി ചിത്രീകരിച്ച വീഡിയോ. ഇൻസ്റ്റഗ്രാമിൽ ഏകദേശം ഇരുപത് ലക്ഷം വ്യൂസ്.
പക്ഷേ വിൽപ്പന കൂടിയില്ല.
പരസ്യത്തിന് ലഭിച്ച ശ്രദ്ധ എന്തുകൊണ്ടാണ് വിൽപ്പനയായി മാറാതിരുന്നത്? അതിന്റെ കാരണം കണ്ടെത്താനായിരുന്നു ഞങ്ങളുടെ അന്വേഷണം.
വീഡിയോ കണ്ടവർ ഞങ്ങളുടെ ടാർഗറ്റ് കസ്റ്റമേഴ്സ് ആയിരുന്നോ?
ഞങ്ങൾ ഉപഭോക്താക്കളുമായി നേരിട്ട് സംസാരിച്ചു. പ്രാദേശികതലത്തിൽ സർവേകൾ നടത്തി. അവിടെയുള്ള അറബ് സെയിൽസ് ടീം അംഗങ്ങളെ ഇന്റർവ്യൂ ചെയ്തു.
അതിൽനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമായി.
ഒന്നാമതായി, സ്റ്റോറിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരും സമീപപ്രദേശങ്ങളിലെ ടാർഗറ്റ് കസ്റ്റമേഴ്സും ഇൻസ്റ്റഗ്രാമിനെക്കാൾ കൂടുതൽ ഉപയോഗിച്ചിരുന്നത് സ്നാപ്ചാറ്റും ടിക്ടോക്കുമായിരുന്നു.
രണ്ടാമതായി, അവർ പതിവായി കാണുകയും വിശ്വസിക്കുകയും ചെയ്തിരുന്നത് ഏറ്റവും പ്രശസ്തരായ ഇൻഫ്ലുവൻസർമാരുടെ വീഡിയോകളായിരുന്നില്ല. അവരുടെ ജീവിതരീതികൾ, ഭക്ഷണശീലങ്ങൾ, പ്രാദേശിക വിശേഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മൈക്രോ ഇൻഫ്ലുവൻസർമാർക്കായിരുന്നു അവർക്കിടയിൽ കൂടുതൽ സ്വീകാര്യത.
ഇവിടെ പ്രസക്തമായത് ഫോളോവേഴ്സിന്റെ എണ്ണം മാത്രമായിരുന്നില്ല; നമ്മുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധ്യതയുള്ളവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ആ ഇൻഫ്ലുവൻസർക്ക് കഴിയുമോ എന്നതായിരുന്നു.
പ്ലാറ്റ്ഫോമും ഇൻഫ്ലുവൻസർമാരും മാറി
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഞാൻ ആദ്യം ചെയ്തത്, ഞങ്ങളുടെ ടാർഗറ്റ് കസ്റ്റമേഴ്സ് കൂടുതൽ ഉപയോഗിക്കുന്ന ടിക്ടോക്ക്, സ്നാപ്ചാറ്റ് എന്നീ പ്ലാറ്റ്ഫോമുകളിൽ മൈക്രോ ഇൻഫ്ലുവൻസർമാരുമായി പ്രവർത്തിക്കാൻ തുടങ്ങുകയായിരുന്നു.
ഈ മാറ്റങ്ങൾക്കുശേഷം ഞങ്ങൾക്ക് രണ്ട് ഗുണങ്ങളുണ്ടായി.
ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും സെയിൽസ് മെച്ചപ്പെട്ടു എന്നതാണ്.
രണ്ടാമത്തേത്, അവരുടെ ഫീസ് പ്രമുഖ ഇൻഫ്ലുവൻസറുടേതിനേക്കാൾ വളരെ കുറവായിരുന്നു എന്നതും.
ഇത് ഒരു സ്ഥാപനത്തിന്റെ അനുഭവമാണ്. ഇൻസ്റ്റഗ്രാം ഫലപ്രദമല്ലെന്നോ മൈക്രോ ഇൻഫ്ലുവൻസർമാർ എല്ലായ്പ്പോഴും മികച്ച ഫലം നൽകുമെന്നോ ഇതിനർത്ഥമില്ല. പ്ലാറ്റ്ഫോമും ഇൻഫ്ലുവൻസർമാരും ഒരുമിച്ചാണ് മാറിയത് എന്നതിനാൽ, വിൽപ്പനയിലെ പുരോഗതിക്ക് ഇവയിൽ ഒന്നിനെ മാത്രം കാരണമായി പറയാനാവില്ല.
അടുത്ത ഇൻഫ്ലുവൻസർ ക്യാമ്പെയിന് മുമ്പ് നാല് ചോദ്യങ്ങൾ
1. പരസ്യം കാണാൻ പോകുന്നത് ആരാണ്?
നമ്മുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധ്യതയുള്ളവർ ആ ഇൻഫ്ലുവൻസറുടെ ഫോളോവേഴ്സിൽ ഉണ്ടോ? നമ്മൾ വ്യാപാരം നടത്തുന്ന പ്രദേശങ്ങളിലുള്ളവരാണോ അവർ? ഫോളോവേഴ്സിന്റെ മൊത്തം എണ്ണത്തേക്കാൾ ഈ പൊരുത്തമാണ് പരിശോധിക്കേണ്ടത്.
2. ആളുകൾ ആ ഇൻഫ്ലുവൻസറെ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
ആളുകൾ ഒരാളെ വിനോദത്തിനായി ഫോളോ ചെയ്യുന്നതും വാങ്ങാനുള്ള നിർദേശങ്ങൾക്കായി ആശ്രയിക്കുന്നതും വ്യത്യസ്തമാണ്. നമ്മുടെ പ്രോഡക്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആ വ്യക്തിയുടെ ശുപാർശയ്ക്ക് എത്രത്തോളം വിശ്വാസ്യതയുണ്ടെന്ന് മനസ്സിലാക്കണം.
3. താൽപ്പര്യം തോന്നിയ ഒരാൾക്ക് വാങ്ങാൻ കഴിയുമോ?
പരസ്യം കാണുന്ന പ്രദേശത്ത് പ്രോഡക്റ്റ് ലഭ്യമാണോ? അടുത്തുള്ള സ്റ്റോറിലോ ഡെലിവറിയിലൂടെയോ വാങ്ങാനാകുമോ? വീഡിയോ കണ്ടശേഷം എവിടെനിന്ന് വാങ്ങണമെന്ന് വ്യക്തമാണോ? താൽപ്പര്യത്തിൽനിന്ന് പർച്ചേസിലേക്കുള്ള വഴി എളുപ്പമായിരിക്കണം.
4. ക്യാമ്പെയിന്റെ റിസൾട്ട് എങ്ങനെ അളക്കും?
ലക്ഷ്യം ബ്രാൻഡ് അവെയർനെസാണോ, എൻക്വയറികളാണോ, സ്റ്റോർ സന്ദർശനങ്ങളാണോ, ആദ്യ പർച്ചേസാണോ, റിപീറ്റ് പർച്ചേസാണോ എന്ന് ആദ്യം തീരുമാനിക്കണം. തുടർന്ന് ആ ലക്ഷ്യവുമായി ബന്ധപ്പെട്ട ഫലങ്ങളാണ് ട്രാക്ക് ചെയ്യേണ്ടത്.
ശ്രദ്ധയിൽനിന്ന് വിൽപ്പനയിലേക്ക്
വ്യൂസ് ശ്രദ്ധയുടെ സൂചനയാണ്. വിൽപ്പനയുടെ തെളിവല്ല.
അടുത്ത ഇൻഫ്ലുവൻസർ ക്യാമ്പെയിന് മുമ്പ് നിങ്ങൾ ആദ്യം പരിശോധിക്കുന്നത് എന്തായിരിക്കും—നിങ്ങളുടെ ടാർഗറ്റ് കസ്റ്റമേഴ്സിലേക്ക് എത്താനുള്ള കഴിവോ, അവർക്കിടയിലെ വിശ്വാസ്യതയോ, മുൻ ക്യാമ്പെയിനുകളുടെ റിസൾട്ടോ?
യഥാർത്ഥ കൺസൾട്ടിങ് അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള കുറിപ്പാണിത്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെയും വ്യക്തികളുടെയും പേരുകൾ സ്വകാര്യത മാനിച്ച് വെളിപ്പെടുത്തുന്നില്ല.
നിങ്ങളുടെ ഫുഡ് അല്ലെങ്കിൽ FMCG ബിസിനസിലെ മാർക്കറ്റിംഗ് ശരിയായ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്നും വിൽപ്പനയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നും വിലയിരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ ബന്ധപ്പെടാം.
Join the conversation
New insights, by email
Choose English, Malayalam, or both. Confirm your email to subscribe. Unsubscribe anytime.
പുതിയ ലേഖനങ്ങൾ ഇമെയിലിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യാം.
Subscribe / സബ്സ്ക്രൈബ് →
Comments
Comments appear after review. Your email address will not be published. Please do not include confidential business information.